India

വൈദ്യുതിയില്ലാത്ത സ്കൂളുകൾ ലക്ഷത്തിലേറെ, 98,500 എണ്ണത്തിൽ പെൺകുട്ടികൾക്ക് ടോയ്‌ലറ്റില്ല; വിദ്യാഭ്യാസമേഖലയുടെ ദുരവസ്ഥയുമായി നീതി ആയോഗ് റിപ്പോർട്ട്

സെക്കന്‍ഡറി സ്‌കൂളുകളില്‍നിന്നുള്ള ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്കാണ് മറ്റൊരു പ്രധാന വെല്ലുവിളി. സെക്കന്‍ഡറി തലത്തിലെ ദേശീയ ശരാശരി കൊഴിഞ്ഞുപോക്ക് നിരക്ക് 11.5 ശതമാനമാണ്.

Madism Desk

നിതി ആയോഗിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുടനീളം 14.71 ലക്ഷത്തിലധികം സ്‌കൂളുകളിലായി 24.69 കോടിയിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസം ഏകദേശം സാര്‍വത്രികമായിക്കഴിഞ്ഞു. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും കൂടുതല്‍ ക്ലാസ് മുറികളില്‍ വൈദ്യുതിയും സ്‌കൂളുകളില്‍ ശൗചാലയങ്ങളും ലഭ്യമാവുകയും ചെയ്തു. എങ്കിലും സെക്കന്‍ഡറി തലത്തില്‍ വിദ്യാര്‍ഥികളെ നിലനിര്‍ത്തുന്നതിലും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിലും വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് നിതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം: കാലികമായ വിശകലനവും ഗുണനിലവാര വര്‍ദ്ധനവിനുള്ള റോഡ്മാപ്പും (School Education System in India: Temporal Analysis and Policy Roadmap for Quality Enhancement) എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് 2014-15 മുതല്‍ 2024-25 വരെയുള്ള വ്യത്യസ്ത സര്‍വേകളെ അവലോകനം ചെയ്താണ് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ (യുഡിഐഎസ്ഇ), നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ, കേന്ദ്ര സര്‍ക്കാര്‍ പഠനനിലവാരം അളക്കാന്‍ ഉപയോഗിക്കുന്ന പരഖ് രാഷ്ട്രീയ സര്‍വേക്ഷണ്‍ (2017-2024), പ്രഥം എന്‍ജിഒയുടെ വാര്‍ഷിക വിദ്യാഭ്യാസ നിലവാര റിപ്പോര്‍ട്ട് (എഎസ്ഇആര്‍) എന്നീ ഏജന്‍സികളാണ് സര്‍വേ നടത്തിയത്.

അടിസ്ഥാന സാക്ഷരത, ഗ്രാഹ്യശേഷി, പ്രായോഗികാധിഷ്ടിത പഠനം എന്നിവയില്‍ ഇപ്പോഴും വലിയ കുറവുകള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി. സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരുടെ എണ്ണം, പ്രവേശനം, പഠന നിലവാരം എന്നിവയെക്കുറിച്ചുള്ള ദേശീയ-സംസ്ഥാന തലത്തിലുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് നീതി അയോഗ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

രാജ്യത്തെ ആയിരക്കണക്കിന് സ്‌കൂളുകള്‍ കുടിവെള്ളം, ശൗചാലയങ്ങള്‍, വൈദ്യുതി, ലാബുകള്‍, അധ്യാപകര്‍ എന്നിവയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പഠിക്കുന്നില്ല. കൂടാതെ, പ്രൈമറി ക്ലാസുകള്‍ക്ക് ശേഷമുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പല സംസ്ഥാനങ്ങളിലും വലിയ പ്രശ്‌നമായി തുടരുന്നു. ഇതിനെല്ലാം പുറമെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആകെ അധ്യാപകരില്‍ 10-15 ശതമാനത്തിന് മാത്രമേ തങ്ങള്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് (വിദ്യാര്‍ഥികള്‍ക്ക്) നേടാന്‍ കഴിയുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍

ശൗചാലയങ്ങളുടെ ലഭ്യതയില്‍ വലിയ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ 98,592 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തനക്ഷമമായ ശൗചാലയങ്ങളില്ല. 61,540 സ്‌കൂളുകളില്‍ ഉപയോഗയോഗ്യമായ ഒരു ശൗചാലയം പോലുമില്ല. വൈദ്യുതി ലഭ്യതയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ നിന്ന് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും 1.19 ലക്ഷം സ്‌കൂളുകളില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. കുടിവെള്ള സൗകര്യം 99 ശതമാനമായി വര്‍ദ്ധിച്ചെങ്കിലും 14,505 സ്‌കൂളുകളില്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള സൗകര്യമില്ല. 59,829 സ്‌കൂളുകളില്‍ കൈ കഴുകാനുള്ള സൗകര്യങ്ങളില്ല. മൂന്നിലൊന്ന് സ്‌കൂളുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ല. ആകെയുള്ള സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പകുതിയോളം സ്‌കൂളുകള്‍ സയന്‍സ് ലാബുകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

അധ്യാപക ഒഴിവുകളും നിലവാരവും

രാജ്യത്ത് 1,04,125 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് വെറും ഒരു അധ്യാപകനെ മാത്രം ആശ്രയിച്ചാണ്. ഇതില്‍ 89 ശതമാനം സ്‌കൂളുകളും ഗ്രാമീണ മേഖലകളിലാണ്. പല സംസ്ഥാനങ്ങളിലും സെക്കന്‍ഡറി തലത്തില്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം വളരെ കൂടുതലാണ്. ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ അനുപാതം 47:1 ആണ്. യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം 10:1 നും 18:1 നും ഇടയിലാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ എലമെന്ററി അധ്യാപക ഒഴിവുകളുള്ളത്. ഇതില്‍ ബീഹാറാണ് മുന്നില്‍. 2,08,784 ഒഴിവുകള്‍ ഇതുവരെ നികത്തിയിട്ടില്ല. 80,341 അധ്യാപകരുടെ ഒഴിവുകളുള്ള ജാര്‍ഖണ്ഡും 47,122 ഒഴിവുകളുള്ള മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അധ്യാപകരുടെ പ്രാവീണ്യവും ഒരു പ്രധാന വെല്ലുവിളിയാണ്. ഗണിതശാസ്ത്രത്തില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നത് വെറും 2 ശതമാനം അധ്യാപകര്‍ മാത്രമാണ്. അധ്യാപകരുടെ പ്രവീണ്യത്തിന്റെ ശരാശരി സ്‌കോര്‍ 46 ശതമാനമാണ്. കൂടാതെ, അധ്യാപകരുടെ പ്രവൃത്തിദിവസങ്ങളില്‍ ശരാശരി 14 ശതമാനവും സര്‍വ്വേകള്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടി, ഭരണപരമായ ജോലികള്‍ തുടങ്ങിയ അധ്യാപന ഇതര കാര്യങ്ങള്‍ക്കായി നഷ്ടപ്പെടുന്നു.

ഉയര്‍ന്ന കൊഴിഞ്ഞുപോക്ക്

രാജ്യത്തുടനീളം ഏകദേശം 7,993 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പഠിക്കുന്നില്ല. പശ്ചിമ ബംഗാളിലും (3,812) തെലങ്കാനയിലുമാണ് (2,245) ഇത്തരം സ്‌കൂളുകള്‍ കൂടുതലായി ഉള്ളത്. രേഖകളില്‍ ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി അവിടെ വിദ്യാര്‍ഥികളില്ല. എന്നിട്ടും ഈ സ്‌കൂളുകള്‍ക്ക് ഫണ്ടും വിഭവങ്ങളും ലഭിക്കുന്നത് ആസൂത്രണത്തിലെ പിഴവാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്കാണ് മറ്റൊരു പ്രധാന വെല്ലുവിളി. സെക്കന്‍ഡറി തലത്തിലെ ദേശീയ ശരാശരി കൊഴിഞ്ഞുപോക്ക് നിരക്ക് 11.5 ശതമാനമാണ്. പശ്ചിമ ബംഗാള്‍ (20%), അരുണാചല്‍ പ്രദേശ് (18.3%), കര്‍ണാടക (18.3%), അസം (17.5%) എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തി. ബീഹാറില്‍ സെക്കന്‍ഡറി കൊഴിഞ്ഞുപോക്ക് 2.98 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായും ഉത്തര്‍പ്രദേശില്‍ 0.52 ശതമാനത്തില്‍ നിന്ന് 3.0 ശതമാനമായും ഉയര്‍ന്നു. പെണ്‍കുട്ടികള്‍ നേരിടുന്ന സാമൂഹിക സമ്മര്‍ദ്ദങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കൊഴിഞ്ഞുപോക്ക് കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നു. കൊഴിഞ്ഞുപോക്ക് സാധ്യതയുള്ള കുട്ടികളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ 'മുന്നറിയിപ്പ് സംവിധാനം' ഏര്‍പ്പെടുത്താന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്യുന്നു.

പ്രൈമറി തലത്തില്‍ കൊഴിഞ്ഞുപോക്ക് നിരക്ക് 0.3 ശതമാനം മാത്രമാണ്. എന്നാല്‍ അപ്പര്‍ പ്രൈമറി തലത്തില്‍ ഈ നിരക്ക് 3.5 ശതമാനമാണ്. 2024-25 ലെ കണക്കനുസരിച്ച്, പ്രൈമറിയില്‍ നിന്ന് അപ്പര്‍ പ്രൈമറിയിലേക്കും സെക്കന്‍ഡറിയില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറിയിലേക്കും പഠനം ഉയര്‍ത്തുന്നവരുടെ എണ്ണത്തില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ പെണ്‍കുട്ടികളാണ്. ഹയര്‍ സെക്കന്‍ഡറിയിലേക്ക് പ്രവേശനം നേടുന്ന പെണ്‍കുട്ടികളുടെ നിരക്ക് 77.9 ശതമാനവും ആണ്‍കുട്ടികളുടേത് 72.4 ശതമാനവുമാണ്.

14 വയസ്സ് വരെയാണ് വിദ്യാഭ്യാസ അവകാശ നിയമം സൗജന്യ വിദ്യാഭ്യാസം ഉറപ്പുനല്‍കുന്നത്. ഇതിന് ശേഷം പഠനം തുടരുന്നതിനുള്ള സാമ്പത്തിക ബാധ്യത കുടുംബങ്ങള്‍ക്ക് വരുന്നത് കുറഞ്ഞ വരുമാനമുള്ള കുട്ടികള്‍ സ്‌കൂള്‍ വിട്ടുപോകാന്‍ കാരണമാകുന്നു. കൂടാതെ, രാജ്യത്തെ ആകെ സ്‌കൂളുകളില്‍ 5% മാത്രമേ 1 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേ സ്‌കൂളില്‍ നല്‍കുന്നുള്ളൂ. ഹൈസ്‌കൂള്‍ പഠനത്തിനായി കുട്ടികള്‍ക്ക് മറ്റൊരു സ്‌കൂളിലേക്ക് മാറേണ്ടി വരുന്നതും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന 'സിലിണ്ടര്‍' മാതൃകയിലുള്ള വിദ്യാഭ്യാസ രീതി (പരമ്പരാഗതമായ ക്ലാസ്‌റൂം അധ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി പഠിതാവിന്റെ ആവശ്യങ്ങള്‍ക്കും കഴിവിനും മുന്‍ഗണന നല്‍കുന്ന ആധുനിക വിദ്യാഭ്യാസ രീതി) നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നു.

സ്‌കൂള്‍ പ്രവേശന നിരക്കിലെ പൊതുവായ മാറ്റങ്ങള്‍

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആകെ സ്‌കൂള്‍ പ്രവേശനത്തില്‍ 8 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2014-15 ല്‍ 26.95 കോടി ആയിരുന്നത് 2024-25 ല്‍ 24.69 കോടിയായി കുറഞ്ഞു. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ജനസംഖ്യാപരമായ മാറ്റങ്ങള്‍ (കുറഞ്ഞുവരുന്ന ജനനനിരക്ക് കാരണം സ്‌കൂളില്‍ പോകേണ്ട പ്രായത്തിലുള്ള കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ്), സ്‌കൂളുകളുടെ ലയനം, ഉയര്‍ന്ന ക്ലാസുകളില്‍ കുട്ടികളെ നിലനിര്‍ത്തുന്നതിലെ വെല്ലുവിളികള്‍ എന്നിവയാണ് കാരണങ്ങള്‍.

സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ആവശ്യങ്ങളും കൂടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 2014-15ല്‍ 54.3% കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചിരുന്ന സ്ഥാനത്ത് 2024-25ല്‍ അത് 49.25% ആയി കുറഞ്ഞു. എന്നാല്‍ സ്വകാര്യ സ്‌കൂളുകളിലെ പ്രവേശന നിരക്ക് 31.7 ശതമാനത്തില്‍ നിന്ന് 38.8 ശതമാനമായി ഉയര്‍ന്നു. ബാക്കിയുള്ളവര്‍ എയ്ഡഡ് സ്‌കൂളുകളിലോ മറ്റ് വിഭാഗങ്ങളിലോ ആണ് പഠിക്കുന്നത്. മൊത്തത്തില്‍ നോക്കിയാല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശനനിരക്ക് 2005 ല്‍ 71% ആയിരുന്നിടത്ത് നിന്ന് 2024-25 ല്‍ 49.24% ആയി കുത്തനെ ഇടിഞ്ഞു.

2014-15ല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 11.07 ലക്ഷമാണ്. 2024-25 ല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 8% കുറഞ്ഞ് 10.13 ലക്ഷമായി. ഇതേ കാലയളവില്‍ സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തില്‍ 18% വര്‍ദ്ധനവുണ്ടായി (2.88 ലക്ഷത്തില്‍ നിന്ന് 3.39 ലക്ഷം വരെ). കുറഞ്ഞ പ്രവേശനിരക്കുള്ള സ്‌കൂളുകള്‍ ലയിപ്പിച്ച പ്രക്രിയയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം കുറയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇതിനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 2017-ല്‍ ആരംഭിച്ച നീതി ആയോഗ് പദ്ധതിയുടെ ഭാഗമായി ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ പുനസംഘടിപ്പിച്ചിരുന്നു.

സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും വലിയ വിടവുള്ളതെന്ന് നീതി അയോഗ് പറയുന്നു. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ പ്രവേശന നിരക്ക് 90 ശതമാനത്തിന് മുകളിലാണെങ്കില്‍ സെക്കന്‍ഡറി തലത്തില്‍ ഇത് 78.7% മാത്രമാണ്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഇത് 58.4 ശതമാനമായി വീണ്ടും കുറയുന്നു. അതായത് സ്‌കൂളില്‍ ചേരുന്ന 10 കുട്ടികളില്‍ നാല് പേരും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സാമൂഹിക ഘടകങ്ങള്‍, പിന്തുണയുടെ കുറവ് എന്നിവ ഒത്തുചേരുന്ന സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയാണ് പ്രവേശന നിരക്കിലെ ഏറ്റവും 'ദുര്‍ബലമായ കണ്ണി' എന്ന് നിതി ആയോഗ് വിശേഷിപ്പിച്ചു.

പഠനനിലവാരത്തിലെ ഇടിവ്

കുട്ടികളുടെ വായനാശേഷിയിലും ഗണിതത്തിലുള്ള അറിവിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. 2014-ല്‍ എട്ടാം ക്ലാസ്സിലെ 74.7% കുട്ടികള്‍ക്ക് രണ്ടാം ക്ലാസ്സിലെ പാഠഭാഗങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, 2024-ല്‍ അത് 71.1% ആയി കുറഞ്ഞു. എട്ടാം ക്ലാസ്സിലെ 45.8% കുട്ടികള്‍ക്ക് മാത്രമേ അടിസ്ഥാനപരമായ ഹരണക്രിയകള്‍ ചെയ്യാന്‍ അറിയുകയുള്ളൂ. ആറാം ക്ലാസ്സിലെ 30 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ ഭിന്നസംഖ്യകളെക്കുറിച്ച് കൃത്യമായ അറിവുള്ളൂ.

വിദ്യാഭ്യാസ മേഖലയ്ക്കായി ജി.ഡി.പിയുടെ 6% മാറ്റിവയ്ക്കണമെന്ന് 1964 മുതല്‍ ശുപാര്‍ശയുണ്ടെങ്കിലും നിലവില്‍ 4.6% മാത്രമാണ് ഇന്ത്യ ചെലവഴിക്കുന്നത്. ഇത് യുഎസ്, യുകെ (5.9%), ജര്‍മ്മനി, ഫ്രാന്‍സ് (5.4%) എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ വിഹിതം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

English Summary: NITI Aayog report warns of serious challenges in secondary education, including high dropout rates, poor learning outcomes, teacher shortages, and inadequate infrastructure in thousands of schools. It found that many students struggle with basic reading and mathematics, while government school enrolment continues to decline as private school admissions rise. The report recommends increasing education spending, improving teacher quality, strengthening secondary education, and introducing measures to prevent student dropouts.